ശിരോവസ്ത്രാവശ്യം ആഘോഷിക്കുന്നത് അർദ്ധ സംഘികളാണ് - ജെ ദേവിക

ഏതാനും മുസ്ലിം മെഡിക്കൽ വിദ്യാർത്ഥിനികൾ ഓപ്പറേഷന്‍ തിയറ്ററിൽ  ശിരോവസ്ത്രവും നീണ്ട കൈയുള്ള കുപ്പായവും ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിനെ താലിബാനിസത്തിൻറെ തെളിവു കിട്ടിപ്പോയി എന്നു പറഞ്ഞ് ആഘോഷിക്കുന്ന ഒരു അശ്വദേവൻറെ പോസ്റ്റ് വായിക്കാനിടയായി. അതിനു താഴെ കണ്ട പ്രതികരണങ്ങൾ മുഴുവനും സംഘി-അർദ്ധസംഘികളുടേതു തന്നെ. ഒസ്സൻപണി ഹലാലായതുകൊണ്ട് അതുചെയ്താൽ പോരേ എന്നും മറ്റും ചോദിക്കുന്ന തെമ്മാടികളെയാണ് ഇതു വിളിച്ചുവരുത്തിയിരിക്കുന്നത്.

ഇപ്പറഞ്ഞ താലിബാനിനോക്കി ശരിക്കും യുക്തിവാദിയാണെങ്കിൽ വിദ്യാർത്ഥിനിയുടെ ആവശ്യത്തെ യുക്തിയുടെ കണ്ണിലൂടെ വായിച്ചേനെ. പരമ്പരാഗതവിശ്വാസങ്ങൾ, അധികാരികളുടെ ഭാഷ്യങ്ങൾ, കേവലമായ ഇന്ദ്രീയ വിജ്ഞാനം - ഈ മൂന്നിൽ നിന്നും വിമർശനപരമായ അകലം പാലിച്ചുകൊണ്ട് (അവയെ പൂർണമായും തള്ളിക്കളയുക എന്നല്ല ഇതിനർത്ഥം) ഏതു വസ്തുവിനെപ്പറ്റിയാണോ അറിയേണ്ടത്, ആ വസ്തുവിനെ നിരീക്ഷിച്ചുകൊണ്ടു മാത്രം അന്വേഷണം ആരംഭിക്കുന്നതാണ് യുക്തിസഹമായ അന്വേഷണം. അതിനു പകരം ശസ്ത്രക്രിയാമുറിയിൽ ശിരോവസ്ത്രം ധരിക്കണമെന്ന് ഏതെങ്കിലും മുസ്ലിം സ്ത്രീ ആവശ്യപ്പെട്ടാൽ അതു താലിബാനിസമാണെന്ന ഇൻസ്റ്റൻറ് ഇൻഫറൻസ് നടത്തിയാൽ യുക്തിചിന്തയായി എന്ന നിലപാട് മറ്റെന്തോ ആണ്.

ഇവിടെ, വിദ്യാർത്ഥിനികൾ ആവശ്യപ്പെടുന്ന നീണ്ട കൈയുള്ള കുപ്പായം ശസ്ത്രക്രിയയ്ക്ക് വിഘാതമാകുമോ ഇൻഫക്ഷൻ സാധ്യതയുണ്ടാക്കുമോ എന്നൊക്കെ നോക്കേണ്ടതാണ്. ഇതാവശ്യപ്പെട്ട വിദ്യാർത്ഥിനികളുടെ ബുദ്ധിയെ, അവരുടെ പ്രഫഷണൽ ധാർമ്മികതയെ ഇത്രയെളുപ്പത്തിൽ തള്ളിക്കളയാൻ പറ്റുന്നത് എങ്ങനെയെന്നറിയില്ല. രോഗിക്ക് ഇൻഫക്ഷൻ ഉണ്ടായാലും തങ്ങളുടെ മതാചാരമാണ് വലുതെന്ന് അവർ വിചാരിക്കുന്നു എന്നാണ് ധ്വനി. ശരിക്കും ചോദിക്കേണ്ട ചോദ്യങ്ങൾക്കു പകരം ഇതൊക്കെയാണ് -- നീണ്ടകൈയുള്ള കുപ്പായം നീണ്ട കൈയുള്ള സർജിക്കൽ ഗൌണിനടിയിൽ ധരിക്കാനാകുമോ ? അത് രോഗിക്കുള്ള റിസ്ക് കൂട്ടാനിടയുണ്ടോ ? ശിരോവസ്ത്രം ക്യാപ്പിനടിയിൽ ധരിക്കുന്നത് രോഗിക്ക് റിസ്ക് ആകുമോ ? ഇവ ചോദിക്കാതെ, യുക്തിസഹമായ, സത്യസന്ധമായ ഉത്തരങ്ങൾ അവയ്ക്കു കണ്ടെത്താതെ താലിബാനിസം എന്നൊക്കെ ചാപ്പകുത്തുന്നത് നിങ്ങളിലെ യുക്തിവാദിയല്ല, ഉറങ്ങിക്കിടക്കുന്ന ഭൂരിപക്ഷവാദിയാണ്. ആ ഭൂരിപക്ഷവാദം ഇന്ത്യയിൽ തത്കാലം സംഘപരിവാരവാദമാണ്. 

ശസ്ത്രക്രീയാമുറിയിൽ ഇപ്പോൾത്തന്നെ ഡോക്ടർമാർ ധരിക്കുന്നത് നീണ്ടകൈയുള്ള സർജിക്കൽ ഗൌണും തല മറയുന്ന കാപ്പുമാണല്ലോ. സ്റ്റെറൈൽ ആകണമെന്നല്ലേ ഉള്ളൂ. അതുകൊണ്ടുതന്നെയാവാം വിദ്യാർത്ഥിനികൾ ചോദിച്ചത്. മാത്രമല്ല, ഇതിനെ വിദ്യാർത്ഥിനികളും അവരുടെ അദ്ധ്യാപകരും തമ്മിലുള്ള ചോദ്യോത്തരമായി കാണുന്നതിനു പകരം ഒരിക്കലും തിരുത്തപ്പെടാനാവാത്ത താലിബാനിസമായി ചിത്രീകരിക്കുന്നതിൽ യുക്തിയുടെ പ്രകാശമല്ല, സൈൻറിസം എന്ന പുതുശാസ്ത്രമതത്തിൻറെ ഡോഗ്മയാണ് പ്രതിഫലിക്കുന്നത്. അദ്ധ്യാപനത്തിനിടയിൽ വിദ്യാർത്ഥികൾ പലതരം സംശയങ്ങൾ ഉന്നയിക്കാറുണ്ട്, അവ പലതും ധാർമ്മികതയ്ക്കു പോലും നിരക്കുന്നവയല്ല. അസൈൻമെൻറിൽ മൂന്നര പേജ് ഗീതാനന്ദൻ കേരളത്തിലെ ആദിവാസിപ്രശ്നത്തെപ്പറ്റി എഴുതിയ പുസ്തകത്തിലെ വാചകങ്ങൾ അതുപോലെ പരിഭാഷപ്പെടുത്തി ഉപയോഗിച്ചതിനു ശേഷം പരാന്തീസിസും പേജ് നമ്പറും ചേർത്ത വിദ്യാർത്ഥിയോട് അതു ഗവേഷണ ധാർമ്മികതയ്ക്ക് എതിരാണെന്നു പറഞ്ഞപ്പോൾ,  നമ്മുടെ സുനിൽ സാർ ചെയ്തത് ഇങ്ങനെയാണ്, കേരളത്തിലെ തലമൂത്ത ബുദ്ധിജീവി അദ്ദേഹമാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് വാദിച്ച ഒരു വിദ്യാർത്ഥിയെ എനിക്കറിയാം. എന്നുവച്ച് മാറാനാവാത്തവിധം അയാൾ അധാർമ്മികനായിരുന്നില്ല -- കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ അയാൾ അസൈൻമെൻറ് പിൻവലിച്ച് മാറ്റിയെഴുതി. അതുപോലെ തങ്ങളുടെ ആവശ്യം ശസ്ത്രക്രിയാമുറിയിൽ അപ്രായോഗികമെന്നുകണ്ടാൽ അവർ അതു തന്നെ പിൻവലിക്കാനാണ് സാധ്യത. അഥവാ അവരെ പറഞ്ഞുമനസ്സിലാക്കുകയാണ് അദ്ധ്യാപകരുടെ ധർമ്മം. അതിനു പകരം താലിബാനികൾ, ബുദ്ധികെട്ടവർ എന്നൊക്കെ അവരെ ചാപ്പകുത്തുന്നവർക്ക് അധ്യാപനത്തിൻറെ യുക്തിയോ മനുഷ്യസഹജമോ ആയ നന്മയോ ഇല്ല. ഈ രണ്ടും നമ്മുടെ നാട്ടിൽ തീരെ ഇല്ലാത്തത് ഏതൊക്കെ കൂട്ടർക്കാണെന്ന് വായനക്കാർ തീരുമാനിക്കട്ടെ.

പിന്നെ യു എൻ പറഞ്ഞു, അതുകൊണ്ട് മാറ്റമൊന്നും സാധ്യമല്ല, അല്ലെങ്കിൽ യുഎൻ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായി വല്ലതും പറഞ്ഞാൽ അത് ഉടനടി താലിബാനിസം ആകും എന്നൊക്കെ പറഞ്ഞാൽ നിങ്ങളുടെ യുക്തിവാദത്തെ നിങ്ങൾ തന്നെ കുപ്പത്തൊട്ടിയിൽ എറിയുന്നതിനു സമമാണ്. അതാണ് സൈൻറിസഭക്തർ ചെയ്യുന്നത്. കേരളത്തിലെ പ്രച്ഛന്നസംഘികളുടെ ബൌദ്ധികകൂടാരമാണത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 18 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 21 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More