യുവാക്കളെ കെട്ടുപാടുകളില്‍നിന്ന് മോചിപ്പിച്ചാല്‍ അവരാഗ്രഹിക്കുന്ന സമൂഹം അവര്‍ തന്നെ നിര്‍മ്മിച്ചെടുക്കും-മുരളി തുമ്മാരുക്കുടി

കേരളത്തിലുളള പത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളും യുവാക്കളും കേരളത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് തങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയതെന്ന് മുരളി തുമ്മാരുക്കുടി. ഉന്നത വിദ്യാഭ്യാസം തേടി മാത്രമല്ല, കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ് യുവാക്കള്‍ പുറത്തേക്ക് പോകുന്നതെന്ന് മുരളി പറയുന്നു. നമ്മുടെ കുട്ടികളെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ചങ്ങലകളില്‍നിന്ന് മോചിപ്പിക്കണമെന്നും പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാനും മാതാപിതാക്കളുടെ വീടിന് പുറത്ത് താമസിക്കാനുമുളള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

'കേരളത്തില്‍ പഠനത്തിനിടയ്ക്ക് ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് താമസിക്കാനായി ഓരോ നഗരത്തിലും ചുരുങ്ങിയ വാടകയ്ക്ക് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാകണം, നമ്മുടെ നഗരങ്ങള്‍ പകലും രാത്രിയും സജീവമാകണം. യുവാക്കളുടെ പുറകെ, സദാചാരം, മയക്കുമരുന്ന്, എന്നൊക്കെ പറഞ്ഞ് വീട്ടുകാരും നാട്ടുകാരും പൊലീസും പോകുന്നത് നിര്‍ത്തണം. യുവാക്കളെ കെട്ടുപാടുകളില്‍നിന്ന് മോചിപ്പിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന സമൂഹം അവര്‍ തന്നെ നിര്‍മ്മിച്ചെടുക്കും'- മുരളി തുമ്മാരുക്കുടി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളി തുമ്മാരുക്കുടിയുടെ കുറിപ്പ്‌

കേരളം, വിദ്യാഭ്യാസം, തൊഴിൽ, സ്വാതന്ത്ര്യം 

കേരളത്തെ പറ്റി പറയുകയും എഴുതുകയും ഒക്കെ ചെയ്യുമ്പോൾ ഇപ്പോൾ ഒരു നെഗറ്റിവിറ്റി കടന്നു വരുന്നുണ്ടോ എന്ന് പലർക്കും സംശയം. ചിലർ അതിന് രാഷ്ട്രീയ മാനങ്ങൾ കാണുന്നു. സംശയിക്കേണ്ട !

കഴിഞ്ഞ മാസം ഞങ്ങൾ നടത്തിയ സർവ്വേയിൽ കണ്ടത് ഇപ്പോൾ കേരളത്തിൽ ഉള്ള  പത്തിൽ ഒമ്പത്  വിദ്യാർത്ഥികളും യുവാക്കളും കേരളത്തിന് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഡെമോഗ്രഫി ഈസ് ഡെസ്ടിനി എന്നാണ്. നമ്മുടെ യുവാക്കൾ ഒക്കെ പുറത്തേക്ക് പോകുന്ന ഒരു സാഹചര്യം മുൻകൂട്ടി  കാണുന്ന ഒരാൾക്ക് പോസിറ്റിവ് ആകാൻ കഴിയില്ല. ഇതിന് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയാണ് വേണ്ടത് എന്ന് ചിലർ ചിന്തിക്കുന്നു. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്. ശരിയായ രോഗ നിർണ്ണയം ഇല്ല, തെറ്റായ ചികിത്സയാണ്.

നമ്മുടെ വിദ്യാഭ്യാസ രംഗം ഉടച്ചു വാർക്കേണ്ടത് തന്നെയാണ്. പക്ഷെ ഉന്നതമായ വിദ്യാഭ്യാസം തേടി മാത്രമല്ല നമ്മുടെ വിദ്യാർഥികൾ പോകുന്നത്. കൂടുതൽ സ്വാതന്ത്ര്യം തേടിയിട്ട് കൂടിയാണ്. വൈകീട്ട് ഏഴുമണിയാകുമ്പോൾ ഹോസ്റ്റൽ അടച്ചിടുന്ന "ഏറ്റവും ഉന്നതമായ" കോളേജ് ഉണ്ടെങ്കിലും ആ വിഷയത്തിന് പരിഹാരമാകില്ല. നമ്മുടെ കുട്ടികളെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ചങ്ങലകളിൽ നിന്നും ഭൂതക്കണ്ണാടിയിൽ നിന്നും മോചിപ്പിക്കണം. പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനും മാതാപിതാക്കളുടെ  വീടിന് പുറത്ത് താമസിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കണം.

കേരളത്തിൽ പഠനത്തിനിടക്ക് തൊഴിൽ ചെയ്യുന്ന  യുവാക്കൾക്ക് താമസിക്കാൻ വേണ്ടി ഓരോ നഗരത്തിലും ചുരുങ്ങിയ വാടകക്ക്  ആയിരക്കണക്കിന് വൺ ബെഡ് റൂം അപ്പാർട്മെന്റുകൾ ഉണ്ടാകണം. നമ്മുടെ നഗരങ്ങൾ പകലും രാത്രിയും സജീവമാക്കണം.യുവാക്കളുടെ പുറകെ സദാചാരം, മയക്കു മരുന്ന് എന്നൊക്കെ പറഞ്ഞു വീട്ടുകാരും, നാട്ടുകാരും പോലീസും പോകുന്നത് നിറുത്തണം.യുവാക്കളെ കെട്ടുപാടുകളിൽ നിന്നും മോചിപ്പിച്ചാൽ അവർ ആഗ്രഹിക്കുന്ന ഒരു സമൂഹം അവർ ഇവിടെ തന്നെ നിർമ്മിച്ചെടുക്കും. സാമ്പത്തിക സാഹചര്യം ഉള്ളവർ പോലും സ്വാതന്ത്ര്യത്തിന് വേണ്ടി നാട് വിടുന്നത് നിൽക്കും.

രണ്ടാമത് കൂടുതൽ ശമ്പളം തേടിയാണ് നമ്മുടെ കുട്ടികൾ പോകുന്നത്. കേരളത്തിലെ  ഐ ഐ ടി യിൽ നിന്നും പാസ്സാകുന്നവർക്ക് പോലും  പതിനായിരം രൂപ മാസം കിട്ടുന്ന ഒരു ജോലി കൊടുക്കാൻ ഇല്ലെങ്കിൽ എങ്ങനെയാണ് അവർ ഇവിടെ നിൽക്കുന്നത്?

കേരളത്തിൽ ഇന്ന് ഒരു പ്രൊഫഷണൽ ബിരുദധാരിക്ക്  സർക്കാരിന് പുറത്ത് കിട്ടുന്ന ശാരാശരി ശമ്പളം വച്ച് ജോലി ചെയ്താൽ  അവരുടെ ആയുഷ്‌ക്കാലത്ത് ഒരു വീട് ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. അപ്പോൾ അവർക്ക് മാതാപിതാക്കളുടെ സമ്പാദ്യത്തെ  ആശ്രയിക്കേണ്ടി വരും, അപ്പോൾ യുവാക്കളുടെ  ജീവിതത്തിൽ അവർ ഇടപെടും. വിവാഹം കഴിഞ്ഞാലും അവർക്ക് മാറിത്താമസിക്കാൻ പറ്റുന്നില്ല. ആളുകൾ വിവാഹം തന്നെ വെറുക്കുന്ന സാഹചര്യമാകും. 

ഇതിന് നമ്മുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ പ്രൊഡക്ടീവ് ആകണം. ടെക്‌നീഷ്യൻ തൊഴിലുകൾ ചെയ്യുന്നവർക്ക്  മാസം അമ്പതിനായിരം രൂപയും പ്രൊഫഷണൽ ആയവർക്ക്  ഒരു മാസം ഒരു ലക്ഷം രൂപയെങ്കിലും ശമ്പളം കിട്ടുന്ന ജോലികൾ നമ്മുടെ നാട്ടിൽ ഉണ്ടാകണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ ലോകത്ത് നിലനിൽക്കുന്ന സാങ്കേതിക വിദ്യകൾ കൊണ്ടുവന്നാൽ തന്നെ ഇത് സാധ്യമാകും. കേരളത്തിൽ നിന്നുള്ള ഏറെ ആളുകൾ പുറത്തേക്ക് പോകുന്നതും പുറത്തുള്ള ആളുകൾ തിരിച്ചു വരുന്നതും ഇക്കാര്യം എളുപ്പമാക്കും.എന്നാൽ മാത്രമേ ഒരു ശരാശരി മധ്യവർഗ്ഗ ജീവിതം എങ്കിലും കേരളത്തിൽ ജോലി ചെയ്ത് കെട്ടിപ്പടുക്കാൻ സാധിക്കും എന്നൊരു ചിന്ത നമ്മുടെ യുവാക്കളിൽ ഉണ്ടാകൂ. 

ഇങ്ങനെയൊന്നും ഒരു ചിന്ത ഒരിടത്തും കാണുന്നില്ല. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 17 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 20 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More