മലപ്പുറം: ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലീം ലീഗെന്നും അതുകൊണ്ടുതന്നെ എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാനാവുകയുളളുവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏക സിവില്‍ കോഡ് വിഷയത്തില്‍ ഒരടി മുന്നോട്ടുപോകാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് നേതൃസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഏക സിവില്‍ കോഡ് ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇത് പാര്‍ലമെന്റില്‍ പാസാകരുതെന്നാണ് ലീഗിന്റെ നിലപാട്. ഇതിനെ ഒരു മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി കാണരുത്. എല്ലാവരും പ്രതിഷേധം ഏറ്റെടുത്ത് നടത്തേണ്ടിവരും. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാവില്ല. ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. സംഘടനകള്‍ക്ക് അതില്‍ പങ്കെടുക്കാനുളള സ്വാതന്ത്ര്യവുമുണ്ട്'- സാദിഖലി തങ്ങള്‍ പറഞ്ഞു.
സെമിനാറുകള്‍ ഭിന്നിപ്പിക്കാന്വേണ്ടിയുളളതാകരുതെന്നും ബില്ല് പരാജയപ്പെടാന്‍ കോണ്‍ഗ്രസ് ഇടപെടലുകള്ക്കുമാത്രമേ സാധിക്കുകയുളളുവെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജൂലൈ പതിനഞ്ചിനാണ് സിപിഎം കോഴിക്കോട് ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ സംഘടിപ്പിക്കുന്നത്.