കോഴിക്കോട്: മുസ്ലീം ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുളള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. എംപിമാരായ പി വി അബ്ദുള്‍ വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍, എംപി അബ്ദുസമദ് സമദാനി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, നവാസ് ഗനി എന്നിവരാണ് മുസ്ലീം ലീഗ് പ്രതിനിധി സംഘത്തിലുളളത്. ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യുമെന്ന് അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തും വിലപ്പെട്ടതാണെന്നും കലാപം ശമിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ക്ക് തങ്ങള്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സിപിഎം- സിപി ഐ എംപിമാരുടെ പ്രതിനിധി സംഘവും സന്ദര്‍ശിച്ചിരുന്നു. എംപിമാരായ ബ്രികാശ് രഞ്ജന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ്കുമാര്‍, പി കെ സുബ്ബരായന്‍ എന്നിവരാണ് മണിപ്പൂര്‍ സന്ദര്‍ശിച്ചത്. ജൂണ്‍ 29-30 തിയതികളിലായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മണിപ്പൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു. റോഡ് മാര്‍ഗമുളള യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഹെലിക്കോപ്റ്ററിലാണ് കലാപബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലെത്തിയത്.