മലപ്പുറത്തെ പ്ലസ്ടു അഡ്മിഷന്‍: ആരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കണ്ട- ഡോ. കെ ടി ജലീല്‍

ഹയർസെക്കൻ്ററി സ്കൂളുകൾ ആദ്യമായി കേരളത്തിൽ ആരംഭിച്ചത് 1990 ലാണ്. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലസ്ടു എന്ന പേരിൽ സ്കൂൾ പഠനത്തിൻ്റെ ഭാഗമായുള്ള പുതിയ സമ്പ്രദായത്തിന് അതോടെ തുടക്കമായി. അന്ന് മുതൽ 2023 വരെയായി UDF-ഉം LDF-ഉം മാറി മാറി കേരളത്തിൽ അധികാരത്തിൽ വന്നു. LDF ഭരിച്ച 18 വർഷ കാലയളവിൽ (1990-91, 1996-2001, 2006-2011, 2016-2023) 671 പ്ലസ്ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. UDF ഭരിച്ച 15 വർഷങ്ങളിൽ (1991-96, 2001-2006, 2011-2016) മലപ്പുറത്തിന് നൽകിയത് 449 പ്ലസ്ടു ബാച്ചുകളാണ്. മലപ്പുറം ജില്ലയിൽ ഇന്ന് നിലവിലുള്ള 85% അൺ എയ്ഡഡ് പ്ലസ്ടു ബാച്ചുകളും അനുവദിച്ചത് UDF ഭരണ കാലത്താണെന്ന് അതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ബോദ്ധ്യമാകും.

മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്കൂളുകളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്ഡഡ് ഹൈസ്കൂൾ പ്ലസ്ടു പഠനം സാദ്ധ്യമായ ഹയർസെക്കൻ്ററി സ്കൂളായി മാറിയത്. ആവശ്യമായ പരിശോധന നടത്തി മലബാറിൽ മാത്രം ഹയർസെക്കൻ്റെറി സ്കൂൾ അനുവദിച്ചതിനെതിരെ കോൺഗ്രസ്സും ചില സമുദായ സംഘടനകളും വി.എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും ഉറഞ്ഞു തുള്ളിയത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കൻ്ററി സ്കൂളുകൾ ഗവൺമെൻ്റ്-എയ്ഡഡ് മേഖലകളിൽ മലപ്പുറമടക്കമുള്ള വടക്കൻ ജില്ലകളിൽ വന്നതോടെയാണ് മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഹയർ സെക്കൻ്റെറി പഠനത്തിലെ അസന്തുലിതാവസ്ഥക്ക് ഏതാണ്ടൊരു പരിഹാരമായത്. 

എന്നാൽ 2011 ൽ അധികാരത്തിൽ വന്ന UDF സർക്കാർ 2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു. അന്ന് അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ്ടു പഠന രംഗത്തെ മലബാർ-തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വലിയ തോതിൽ ഉയർന്നു. അഡീഷണൽ ബാച്ചുകൾ ഒറ്റപ്പെട്ട് അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കാം. എങ്കിലും മലപ്പുറം ജില്ലയിലെ പ്ലസ്ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും LDF കാലത്താണെന്നത് മറക്കരുത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് ''വീരസ്യം" പറഞ്ഞ് "സ്കോൾ കേരള"യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-16-ൽ UDF കാലത്താണെന്നതും സമര ഭടൻമാർക്ക് ഓർമ്മ വേണം.

പത്തും ഇരുപതും കുട്ടികളുമായി തെക്കൻ ജില്ലകളിലെ എയ്ഡഡ് മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പ്ലസ്ടു ബാച്ചുകളും UDF ഭരിച്ച 2011-16 കാലയളവിൽ അനുവദിച്ചവയാണ്. കേരളത്തിൽ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അൺ എയ്ഡഡ് സ്കൂളുകളും ബാച്ചുകളും അനുവദിച്ച സർക്കാർ ഉത്തരവുകളിലൂടെ കണ്ണോടിച്ചാൽ ആർക്കും നിജസ്ഥിതി ബോദ്ധ്യമാകും. 2006-വരെ മലപ്പുറം ജില്ലയിൽ ഒരേയൊരു ഗവ: ഐ.ടി.ഐയേ (അരീക്കോട്) ഉണ്ടായിരുന്നുള്ളൂ. 2009 ൽ വി.എസ് സർക്കാരാണ് മൂന്ന് പുതിയ ഗവ: ഐ.ടി.ഐകൾ മലപ്പുറം ജില്ലയിൽ ആരംഭിച്ചത്. മക്കരപ്പറമ്പ്, ചെറിയമുണ്ടം, മാറഞ്ചേരി എന്നിവിടങ്ങളിൽ. ചെറിയമുണ്ടം അന്ന് പഴയ കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു.

മലപ്പുറം ജില്ലയിലെ +2 പഠന സൗകര്യം ഇനിയും വർധിപ്പിക്കാനുള്ള നടപടികൾ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരികയാണ്. UDF വരുത്തിവെച്ച തെക്കു-വടക്ക് ഏറ്റവ്യത്യാസം സമയബന്ധിതമായി പൂർണ്ണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി ഒരു സംഭാഷണ മദ്ധ്യെ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഒരു സ്കൂളിൽ ഓപ്ഷൻ നൽകിയ പ്രകാരം പ്രവേശനം കിട്ടിക്കഴിഞ്ഞു. പ്രശസ്തമായ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ അടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ മുഴുവൻ A+കാർക്കും പ്രവേശനം വേണമെന്ന് ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ലല്ലോ? താമസിക്കുന്ന വില്ലേജ്,  എസ്.എസ്.എൽ.സി പഠിച്ച വിദ്യാലയം, താലൂക്ക് എന്നിവക്കൊക്കെയുള്ള വെയ്റ്റേജ് പരിഗണിക്കുമ്പോൾ അതിനുള്ള സാദ്ധ്യതയും കുറവാണ്. 

സപ്ലിമെൻ്റെറി അലോട്ട്മെൻ്റുകൾ അവസാനിക്കുന്നതോടെ ഏതാണ്ടെല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടു പഠനം മലപ്പുറം ജില്ലയിൽ ഉറപ്പാക്കാനാകും. ശേഷിക്കുന്നവരുണ്ടെങ്കിൽ അവരുടെ കാര്യം സർക്കാർ പരിശോധിച്ച് പരിഹരിക്കുക തന്നെ ചെയ്യും. അതും പറഞ്ഞ് കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചവർ നിരാശരാകും. യു ഡി എഫ് ഭരിക്കുമ്പോൾ തളർന്നുറങ്ങുകയും എൽ ഡി എഫ് അധികാരത്തിലെത്തുമ്പോൾ സടകുടഞ്ഞെണീക്കുകയും ചെയ്യുന്ന ചിലരുടെ "സമുദായപ്രേമവും" മറ്റുചിലരുടെ "മലപ്പുറം പ്രണയവും" പച്ചയായ കാപട്യമാണെന്ന് ആർക്കാണറിയാത്തത്? 

കുടിയൊഴിപ്പിക്കൽ നിരോധന നിയമത്തിലൂടെ മലപ്പുറത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയ ഇടതുപക്ഷം, KSSR കൊണ്ടുവന്ന് മുസ്ലിങ്ങളുൾപ്പടെ കേരളത്തിലെ ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കിയ ഇടതുപക്ഷം, മസ്ജിദുകൾ പണിയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കളക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന വ്യവസ്ഥ അറബിക്കടലിലേക്ക് മുക്കിത്താഴ്ത്തിയ ഇടതുപക്ഷം, മലപ്പുറം ജില്ലക്ക് രൂപം നൽകിയ ഇടതുപക്ഷം, കാലിക്കറ്റ് സർവകലാശാല സ്ഥപിച്ച ഇടതുപക്ഷം, സംസ്ഥാനത്തെ ഏറ്റവുമധികം സർക്കാർ വിദ്യാലയങ്ങൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ച ഇടതുപക്ഷം, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പെരിന്തൽമണ്ണയിൽ യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷം, +2 ബാച്ചുകൾ യു.ഡി.എഫിനേക്കാൾ മലപ്പുറം ജില്ലയിൽ അനുവദിച്ച ഇടതുപക്ഷം വൈകാതെ മലപ്പുറത്തിൻ്റെ ഉപരിപഠന സൗകര്യങ്ങളുടെ കുറവും പരിഹരിക്കും. സംശയം വേണ്ട.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 3 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 3 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 4 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More