തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കാത്തതിനാലും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനാലും പാതി വഴിയില്‍ നില്ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു വിധത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അണിയറ നീക്കം ശക്തമാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പാതയുടെ മാതൃകയിലുള്ള പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിച്ച് അംഗീകാരം ലഭ്യമാക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമസാണ് മെട്രോമാന് ഇ ശ്രീധരനുമായും കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് സമവായമുണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇ ശ്രീധരനെ സമീപിക്കുകയും അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതി അംഗീകരിക്കുകയുമാണ് ചെയ്തത്. ശ്രീധരന് മുന്നോട്ടുവെച്ച പദ്ധതിയെ കേരളത്തിലെ ബിജെപി ഘടകം സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വികസന കാര്യത്തില്‍ എതിര് നിലക്കില്ല എന്ന പ്രസ്താവനയാണ് ഇ ശ്രീധരനെ സന്ദര്‍ശിച്ചതിനുശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ വീടുവീട്ടാന്തരം കയറി പ്രചാരണം നടത്തിയ ബിജെപിയുടെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പാത പദ്ധതിയുടെ മാതൃകയിലുള്ളതായതിനാല് യു ഡി എഫ് പക്ഷത്തുനിന്നുള്ള എതിര്‍പ്പും കുറയുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.