കോഴിക്കോട്: ഇന്ന് കോഴിക്കോട്ട് നടക്കുന്ന ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തങ്ങളെല്ലാം അരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും അദ്ദേഹം ചോദിച്ചു.
'കോഴിക്കോട്ടേത് ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തുന്ന ആദ്യ പരിപാടിയാണ്. ഇത് എല്‍ഡിഎഫിന്റെ പരിപാടിയല്ല, ജയരാജന്റെ പേര് പരിപാടിയുടെ നോട്ടീസില്‍ ഉണ്ടായിരുന്നില്ല. ഇനിയും എല്ലാ ജില്ലകളിലും സെമിനാറടക്കമുളള പരിപാടികള്‍ സംഘടിപ്പിക്കും. അതില്‍ ഇപി ജയരാജന്‍ അടക്കമുളള നേതാക്കള്‍ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം'- എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനത്തില്‍ പങ്കെടുക്കാനുളളതിനാല്‍ സെമിനാറില്‍ പങ്കെടുക്കാനാവില്ലെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. സിപിഎമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതിലൂടെ അദ്ദേഹം പാര്‍ട്ടി നിലപാടുകളോടുളള അനിഷ്ടം പ്രകടിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഇന്ന് വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ് സെന്ററിലാണ് ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാര്‍ നടക്കുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാര്‍ ഉദ്ഘാടനം.