ബംഗളുരു: തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി ഡി എം കെ ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ക്കൊപ്പം പ്രചാരണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമുണ്ടെന്നും ഇരുകൂട്ടരും കൂടി തങ്ങളുടെ പണി എളുപ്പമാക്കിത്തരികയാണെന്നും എം കെ സ്റ്റാലിന് പരിഹസിച്ചു. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനായി ബംഗളുരുവിലെത്തിയതായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്.
മന്ത്രി കെ പൊന്മുടിയുടെ വില്ലുപുരത്തുളള വീട്ടില്‍ രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം സിഗാമണിയുടെ ചെന്നൈയിലെ വസതിയിലും ഇഡി റെയ്ഡ് നടത്തി. പൊന്മുടി 2007-11 കാലത്ത് സംസ്ഥാന ഖനന മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അന്വേഷണം. ക്വാറി ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് ഖജനാവിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊന്മുടിക്കെതിരായ ആരോപണം. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുളളിലാണ് വീണ്ടും മറ്റൊരു ഡി എം കെ മന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി, ഇതിനെ നേരിടാന്‍ ഡി എം കെ ക്ക് അറിയാമെന്നും വെല്ലുവിളിച്ചു. ഇ ഡി റെയ്ഡിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. രാജ്യത്ത് ഇ ഡി രാജാണ് നടക്കുന്നത് എന്ന് ജയറാം രമേശ് പറഞ്ഞു. ഇ ഡി നടപടികള്‍ ബിജെപിയെ ദുര്‍ബ്ബലപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.