ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ മുന്നണിയായ ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യയുടെ പ്രതിഷേധം. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ഇന്ത്യയുടെ അംഗങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ സഖ്യം രൂപീകരിച്ചതിനുശേഷം നടത്തുന്ന ആദ്യ പ്രതിഷേധമാണിത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ പ്രതിഷേധം തുടരുകയാണ്. ചോദ്യോത്തര വേളയ്ക്കുശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്കുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സിപിഐ, ആര്‍ജെഡി എന്നീ പാര്‍ട്ടികളാണ് മണിപ്പൂര്‍ കലാപത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ചുരാചന്ദ്-ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ കുകി-മെയ്തേയി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്കൂളിന് തീയിട്ടു. പതിമൂവായിരത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.