ക്ഷേത്രത്തിലേക്കുളള പണപ്പിരിവ് വിവാദം: ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവിന് പഴികേട്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും- കെ ടി ജലീല്‍

കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിനായി കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്നും 20 രൂപ വീതം മാസംതോറും ശമ്പളത്തില്‍നിന്നും പിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറത്തുവന്നതിനുപിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍.

പിരിവുത്തരവ് പുറപ്പെടുവിച്ച പൊലീസ് മേധാവി മലയാളിയല്ലെന്നും അത്തരം വരികള്‍ എഴുതി ഒപ്പിടാനായി വെച്ചുകൊടുക്കുമ്പോള്‍ കീഴുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നെന്നും കെ ടി ജലീല്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിന് പഴി കേട്ടതുമുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനുമാണെന്നും പണപ്പിരിവ് കടലാസിലായതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 'പിശക് ചൂണ്ടിക്കാണിക്കാം. അബദ്ധങ്ങൾ തിരുത്തിക്കാം. എന്നാൽ ഹൈന്ദവ ഫാസിസത്തിൻ്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റമായൊക്കെ ഇത്തരം നിസ്സാര സംഭവങ്ങളെ പർവ്വതീകരിച്ച് പിണറായി വിജയനെ "സംഘി"യാക്കുന്ന ഏർപ്പാട് കുറച്ച് കടന്ന കയ്യാണ്'- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്റെ കുറിപ്പ്

പുലി വരുന്നേ! പുലി വരുന്നേ!! 

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് തൊട്ടടുത്താണ് ഭദ്രകാളി ക്ഷേത്രം. അതേ കോമ്പൗണ്ടിൽ എന്ന് പറഞ്ഞാലും തെറ്റാവില്ല. നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാത്ത ക്ഷേത്രം. പുറമെ നിന്നുള്ള ഭക്തർ കുറവ്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്ക് പോലും വിഷമിക്കുന്ന ഒരാരാധനാലയം. പോലീസ് സേനയിലെ ഹൈന്ദവ ഭക്തരും അല്ലാത്തവരും എന്തെങ്കിലുമൊക്കെ മാസാമാസം സ്വമേധയാ കയ്യിൽ നിന്നെടുത്ത്  ക്ഷേത്രപൂജാരിക്ക് ശമ്പളം നൽകി വന്നു. ആയിടക്കാണ് കോവിഡ് എത്തുന്നത്. അതോടെ പിരിവുകൾ നിലച്ചു. ക്ഷേത്രം മുന്നോട്ടു പോകാനാകാതെ വിഷമിച്ചു. 

സാധാരണത്തേതിൽ നിന്ന് ഭിന്നമായി കേവലം ഇരുപത് രൂപ പിരിവ് കടലാസിലേക്കാക്കാൻ ചില "മണ്ടൻമാർ" തീരുമാനിച്ചു. അങ്ങിനെയാണ് ചെയ്യാൻ പാടില്ലാത്തത് പോലീസ് മേധാവിയുടെ കയ്യൊപ്പോടെ പുറത്തുവന്നത്. അത് വാർത്തയായി. തേനിൽ പൊതിഞ്ഞ വിഷം പോലെ വർഗ്ഗീയതയെ ഹൃദയത്തിൽ ചില്ലിട്ട് കൊണ്ടു നടക്കുന്ന മതേതരമാന്യൻമാരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഴുവൻ അതോടെ സംഹാരഭാവം പൂണ്ട് അണപൊട്ടിയൊഴുകി.

തലയില്ലാത്ത  "പിരിവുത്തരവ്" പുറപ്പെടുവിച്ച പോലീസ് മേധാവി മലയാളിയല്ല. അത്തരം വരികൾ എഴുതി ഒപ്പിനായി വെച്ചുകൊടുക്കുമ്പോൾ കീഴുദ്യോഗസ്ഥർ  ശ്രദ്ധിക്കേണ്ടിയിരുന്നു. അവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവിന് പഴികേട്ടത് മുഴുവൻ ഇടതുപക്ഷ സർക്കാരും പിണറായി വിജയനും. എനിക്കാ വാർത്താ ശകലം ഫോർവേഡ് ചെയ്തത് മതപണ്ഡിതനായ ഡോ: ഹുസൈൻ മടവൂരാണ്. ഞാനത് ഉടൻ തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിൻ്റെ ശ്രദ്ധയിലേക്കായി അയച്ചു. അതിനകംതന്നെ "വിവാദ" ഉത്തരവ് മരവിപ്പിച്ച് മറു ഉത്തരവിറങ്ങിയിരുന്നു.

കാര്യങ്ങളുടെ നിജസ്ഥിതി ഞാൻ ഹുസൈൻ മടവൂരിനോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ഡൽഹി ഹൈകോടതി സമുച്ചയത്തിലുള്ള ഒരു ചെറിയ മസ്ജിദിൻ്റെ കാര്യം സൂചിപ്പിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ആ പള്ളിയുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഹൈകോടതിയിലെ മുസ്ലിം വക്കീലന്മാരും ജീവനക്കാരും മറ്റു അഭ്യുദയകാംക്ഷികളും സ്വമേധയാ സംഭാവനകൾ നൽകി പരിപാലിച്ചു പോരുന്നുണ്ടത്രെ. പക്ഷെ അത് ഏതെങ്കിലും ഒരു ജഡ്ജിയുടെ ''ശാസനയായി" പുറത്തിറങ്ങിയിരുന്നെങ്കിൽ വലിയ പ്രശ്നമാകും. അവിടെ ഇപ്പോൾ ആരാധന നടക്കുന്നില്ലെന്നാണ് അറിവ്. ഹുസൈൻ മടവൂർ പറഞ്ഞു നിർത്തി. 

സമാന സംഭവമാണ് കോഴിക്കോട്ടും നടന്നത്. പക്ഷെ ''പിരിവ്" കടലാസിലായതാണ് പ്രശ്നമുണ്ടാക്കിയത്. പിശക് ചൂണ്ടിക്കാണിക്കാം. അബദ്ധങ്ങൾ തിരുത്തിക്കാം. എന്നാൽ ഹൈന്ദവ ഫാസിസത്തിൻ്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റമായൊക്കെ ഇത്തരം നിസ്സാര സംഭവങ്ങളെ പർവ്വതീകരിച്ച് പിണറായി വിജയനെ "സംഘി"യാക്കുന്ന ഏർപ്പാട് കുറച്ച് കടന്ന കയ്യാണ്. 

ആളുകളെ പരിഭ്രാന്തരാക്കി തമാശയാക്കാൻ പണ്ടൊരു വികൃതിപ്പയ്യൻ "പുലിവരുന്നേ, പുലിവരുന്നേ" എന്ന് ബഹളം വെച്ച കഥയുണ്ട്. ആർപ്പുവിളി കേട്ട് പല തവണ ആളുകൾ ഓടിക്കൂടി. അവസാനം യഥാർത്ഥ പുലി വന്നപ്പോൾ ആർത്തുവിളിച്ച പയ്യനെ രക്ഷിക്കാൻ ആരും ചെന്നില്ല. പുലി അവനെ കടിച്ച് മുറിച്ച് അകത്താക്കി. ആ വികൃതിച്ചെക്കൻ്റെ അനുഭവമാകും ഇങ്ങിനെ പോയാൽ നമ്മളെയും കാത്തിരിക്കുന്നത്. 

അപ്രധാനമായതിനെയും അബദ്ധങ്ങളെയും സൂക്ഷ്മതക്കുറവിനെയും ആ നിലക്ക് കാണാൻ പലപ്പോഴും മലയാളികൾക്ക് വിശിഷ്യാ ഫാഷിസത്തിൻ്റെ വരവിനെ ഭയപ്പെടുന്നവർക്ക് കഴിയാറില്ല. സ്ഥാനത്തും അസ്ഥാനത്തുമുള്ള "ഓരിയിടൽ" അവസാനം സ്വന്തം കുഴി തോണ്ടുന്ന സ്ഥിതിയാകും ഉണ്ടാക്കുക. ഫാസിസ്റ്റ് കരടിക്ക് ആഹാരമാകാൻ ദയവായി ന്യൂനപക്ഷങ്ങളെ വലിച്ചെറിഞ്ഞ് കൊടുക്കാതിരിക്കാൻ ഇത്തരം വികൃതിപ്പയ്യൻമാർ ശ്രദ്ധിച്ചാൽ എത്ര നന്നായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 10 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 15 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 16 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More