നാഗ്പൂര്‍: ഓരോ കിലോ ആട്ടിറച്ചി കൊടുത്തിട്ടും വോട്ടര്‍മാര്‍ തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബാനറുകള്‍ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തുമല്ല, ജനങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയാണ് തെരഞ്ഞെടുപ്പുകള്‍ വിജയിക്കേണ്ടതെന്നും വോട്ടര്‍മാര്‍ വളരെ മിടുക്കരാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പോസ്റ്ററുകള്‍ ഒട്ടിച്ചും വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കിയും ആളുകള്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നു. എന്നാല്‍ അത്തരം തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി. വോട്ടര്‍മാര്‍ക്ക് ഓരോ കിലോ ആട്ടിറച്ചി വീതം നല്കി. പക്ഷെ ഞാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്. അവര്‍ എല്ലാ സ്ഥാനാര്‍ത്ഥികളില്‍നിന്നും പാരിതോഷികങ്ങള്‍ സ്വീകരിക്കും. എന്നാല്‍ ശരിയെന്ന് അവര്‍ക്ക് തോന്നുന്ന സ്ഥാനാര്‍ത്ഥിക്കേ വോട്ടുചെയ്യൂ'- നിതിന്‍ ഗഡ്കരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കിയാല് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും പണം ചിലവാക്കാതെ തെരഞ്ഞെടുപ്പ് വിജയിക്കാനാവുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ പ്രലോഭിപ്പിക്കാതെ അവരുടെ വിശ്വാസവും സ്നേഹവും നേടിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.