കണ്ണൂര്‍: വിവാദ പദ്ധതിയായ കെ റെയിലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയാറാകുന്നില്ല. എന്നാല്‍ ഭാവിയില്‍ പദ്ധതിക്ക് അംഗീകാരം നല്കുന്ന ഒരു കാലമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതി തല്ക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നിലച്ചിരുന്നു. അതിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രം കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
കെ റെയില്‍ കല്ലിടല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. കല്ലിടലിനുപകരം ജിഗോ ടാഗിംഗ് രീതിയില്‍ പഠനം നടത്താന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഏജന്‍സിക്ക് അനുവദിച്ച സമയപരിധിയും അവസാനിച്ചു. തുടര്‍ന്ന് സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് കെ റെയില്‍ റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നു. സംസ്ഥാന വ്യാപകമായി വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നതും കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പാ സാധ്യതകള്‍ മങ്ങിയതുമാണ് പദ്ധതി മരവിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.