ചെന്നൈ: കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെയെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് എംഎല്‍എയും പിന്നീട് മന്ത്രിയുമെല്ലാം ആയതെന്ന് ഉദയനിധി പറഞ്ഞു. അമിത് ഷായുടെ മകന്‍ എങ്ങനെയാണ് ബിസിസി ഐ സെക്രട്ടറിയായതെന്നും അദ്ദേഹം ചോദിച്ചു. ചെന്നൈയില്‍ ഡിഎംകെ യൂത്ത് വിംഗിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവേയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
'ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്. എനിക്ക് അമിത് ഷായോട് ഒറ്റ കാര്യമേ ചോദിക്കാനുളളു. നിങ്ങളുടെ മകന്‍ എങ്ങനെ ബിസിസി ഐ സെക്രട്ടറിയായി? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു? എത്ര റണ്‍സ് നേടി?'-ഉദയനിധി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെളളിയാഴ്ച്ച രാമേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുടെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് അമിത് ഷാ ഡിഎംകെക്കെതിരായ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും പാര്‍ട്ടിയില്‍ കുടുംബാധിപത്യം പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡിഎംകെ കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു. എംകെ സ്റ്റാലിന്‍ മകന്‍ ഉദയനിധിയെ തന്റെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഷാ ആരോപിച്ചിരുന്നു.