ഹൈദരാബാദ്: തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തതിനാല്‍ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗണ്‍സിലര്‍. ആന്ധ്രാപ്രദേശിലെ അനകപ്പളളി ജില്ലയിലുളള നരസിപ്പട്ടണം മുന്‍സിപ്പല്‍ കൗണ്‍സിലറായ മുലപാര്തി രാമരാജുവാണ് കൗണ്‍സില്‍ യോഗത്തിനിടെ സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ 31 മാസമായി താന്‍ കൗണ്‍സിലറാണെന്നും തന്റെ വാര്‍ഡിലെ വൈദ്യുതി, ഡ്രെയിനേജ്, റോഡ്, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും പറഞ്ഞാണ് രാമരാജു സ്വയം മുഖത്തടിച്ചത്.
'പണമുണ്ടാക്കാനല്ല ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ സേവിക്കുക എന്നതാണ് എന്റെ ഏക ആഗ്രഹം. കുടിവെളളം, ഗ്രാമത്തിലേക്കുളള റോഡ്, തെരുവ് വിളക്കുകള്‍ തുടങ്ങിയ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കാനാവുമെന്ന് ഞാന്‍ കരുതി. എന്റെ വാര്‍ഡിലെ ഭൂരിഭാഗംപേരും ദിവസക്കൂലിക്കാരാണ്. ഞാനും അവരില്‍ ഒരാളാണ്. എനിക്കവരുടെ പ്രശ്നങ്ങള്‍ അറിയാം. എന്നാല്‍ കഴിഞ്ഞ 31 മാസം കൗണ്‍സിലറായി ഇരുന്നിട്ടും എനിക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായില്ല. എന്റെ വാര്‍ഡിനെ നഗരസഭാ ഉദ്യോഗസ്ഥര്‍ പാടേ അവഗണിക്കുന്നതിനാലാണ് എനിക്കൊന്നും ചെയ്യാന്‍ സാധിക്കാത്തത്'- രാമരാജു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ടിഡിപി പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ആരും നടപടിയെടുക്കാന്‍ തയാറായില്ലെന്നും താന്‍ ടിഡിപി അംഗമായതുകൊണ്ടാണ് ഈ അവഗണനയെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളില്‍ നിന്നുതന്നെ ഒന്നര ലക്ഷം രൂപ പിരിച്ചാണ് താന്‍ ഗ്രാമത്തിലേക്ക് 150 മീറ്റര്‍ റോഡുണ്ടാക്കിയതെന്നും തന്റെ വാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്നുമാത്രമാണ് ആഗ്രഹിക്കുന്നതെന്നും രാമരാജു കൂട്ടിച്ചേര്‍ത്തു.