ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ ലോക്സഭാ സെക്രട്ടറിയേറ്റ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. സോണിയാ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഇന്ന് യോഗം ചേര്‍ന്നേക്കും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി നരേന്ദ്രമോദിയെ വിമര്‍ശിച്ചത്.
അധീര്‍ രഞ്ജന്‍ ചൗധരി സംസാരിക്കുന്നതിനിടെയാണ് മോദി പാര്‍ലമെന്റിലേക്ക് കടന്നുവന്നത്. അപ്പോള്‍ അന്ധനായ രാജാവ് നാട് ഭരിക്കുമ്പോള്‍ മണിപ്പൂരില്‍ സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അന്ധനായ ധൃതരാഷ്ട്രര്‍ ഭരിക്കുമ്പോഴാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മോദി മണിപ്പൂരില്‍ മൗനം പാലിക്കുന്നതിനെപ്പറ്റി 'മൗനി' എന്നര്‍ത്ഥം വരുന്ന 'നീരവ്' എന്ന ഹിന്ദി വാക്കും അധീര്‍ ഉപയോഗിച്ചു. നീരവ് മോദിയെന്നാണ് പ്രധാനമന്ത്രിയെ അധീര്‍ രഞ്ജന്‍ ചൗധരി വിളിച്ചത്. ഇത് ഭരണപക്ഷത്തുനിന്നും ശക്തമായ പ്രതിഷേധമുണ്ടാവാന്‍ കാരണമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, താന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ മോദി നീരവ് (മൗനി) ആകുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 'മോദി എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്നു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ നീരവായി നിലകൊണ്ടു. അഥവാ മൗനിയായി. മൗനം എന്നാണ് നീരവിന്റെ അര്‍ത്ഥം. താന്‍ അപമാനിക്കപ്പെട്ടുവെന്ന് മോദിക്കുപോലും തോന്നിയില്ല. പക്ഷെ അദ്ദേഹത്തിന്റെ ദര്‍ബാറിലെ ആളുകള്‍ക്ക് തോന്നി. അതോടെ അവര്‍ എനിക്കെതിരെ തിരിഞ്ഞു'-എന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നത്. അവകാശ ലംഘന സമിതി പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്ഷന് കാലാവധി.