ഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാനായി സമിതിക്ക് രൂപം നല്കി കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കിയാണ് സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ചാവും സമിതി പഠിക്കുക. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. സമിതിയിലെ മറ്റ് അംഗങ്ങളുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല. വിരമിച്ച ജഡ്ജിമാരും പാനലിലുണ്ടാകുമെന്നാണ് സൂചന. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മ്മാണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രത്തിന്റെ നീക്കം. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതത് സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കുന്നതിന് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ വന്‍ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുളള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.