ബംഗളുരു: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിവാദം കത്തുന്നതിനിടെ കേരളത്തില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടെന്നും അത് മനുഷ്യത്വരഹിതമായ ആചാരമായാണ് തോന്നിയതെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ബംഗളുരുവില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിക്കുകയും പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചോളാമെന്ന് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്നില്‍ എല്ലാവരും സമന്മാരാണ്'- സിദ്ധരാമയ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ധരാമയ്യയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ദക്ഷിണേന്ത്യയിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ പ്രവേശിക്കണമെങ്കില്‍ മേല്‍വസ്ത്രം അഴിച്ചുമാറ്റണമെന്നും ഷാള്‍ പോലുളള അംഗവസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുകയുളളുവെന്നുമാണ് ചിലര്‍ പറയുന്നത്. കര്‍ണാടകയിലും ആന്ധ്രപ്രദേശിലും ചില ക്ഷേത്രങ്ങളില്‍ ഈ രീതിയുണ്ടെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.