ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. അടുത്ത സര്‍ക്കാരിനെ ആര് നയിക്കണമെന്ന കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നിറവേറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായി എന്നാണ് വിശ്വാസമെന്നും ബിജെപിയെ തോല്പ്പിക്കാനായി തങ്ങള്‍ ഒരുമിച്ച് ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം ലഭിച്ചാല്‍ നിയമസഭയെ ആര് നയിക്കണമെന്ന് പാര്‍ട്ടിയും നിയമസഭാംഗങ്ങളുമാണ് തീരുമാനിക്കുക. ഇത് പുതിയ കാര്യമൊന്നുമല്ല. ദശാബ്ദങ്ങളായി തുടരുന്ന രീതിയാണ് '- സച്ചിന് പൈലറ്റ് പറഞ്ഞു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്ന ചോദ്യത്തിന്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് പാര്‍ട്ടിയുടെ നേതാക്കന്മാരെന്നും അവര്‍ എംഎല്‍എമാരുമായി സംസാരിച്ച് അക്കാര്യം തീരുമാനിക്കുമെന്നുമായിരുന്നു സച്ചിന് പൈലറ്റിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജസ്ഥാന് ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാനത്ത് പ്രതിപക്ഷമെന്ന നിലയില്‍ അവര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ച് പറയുന്ന ബിജെപി ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ദളിതരും സ്ത്രീകളും ഗോത്രവിഭാഗക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.