കൊല്ലം: വ്യാജ ചാപ്പകുത്തല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബി എസ് നിവാസില്‍ ഷൈന്‍, സുഹൃത്ത് ജോഷി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അവധി കഴിഞ്ഞ് രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികനെ മര്‍ദ്ദിക്കുകയും മുതുകില്‍ പി എഫ് ഐ എന്ന് ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ബിജെപി പ്രവര്‍ത്തകര്‍ സൈനികനെ അനുകൂലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബര്‍ 24-ന് രാത്രി സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ തന്നെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും മുതുകത്ത് എന്തോ എഴുതുകയും ചെയ്തു. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് മുതുകത്ത് പച്ച മഷിയില്‍ പി എഫ് ഐ എന്നെഴുതിയതായി കണ്ടത് എന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ സുഹൃത്ത് ജോഷിയുടെ മൊഴി സൈനികനെ കുടുക്കി. ഷൈന്‍ തന്നോട് മുതുകില്‍ പി എഫ് ഐ എന്നെഴുതാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോഷിയുടെ മൊഴി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പി എഫ് ഐ എന്നെഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും ജോഷിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഷൈന്‍ പ്രശസ്തനാകാന് വേണ്ടിയാണ് വ്യാജ പരാതി നല്‍കിയതെന്നും ജോഷി പറഞ്ഞു. സംഭവത്തില്‍ രാജ്യദ്രോഹം അടക്കമുളള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും നിലവില്‍ ഗൂഢാലോചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.