ഡല്‍ഹി: ബോക്സ് ഓഫീസ് ദുരന്തമായി കങ്കണാ റണൗട്ട് നായികയായ 'തേജസ്'. ബിഹാറില്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്താത്തതിനെ തുടര്‍ന്ന് തിയറ്ററുകള്‍ രാവിലത്തെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. 'തേജസ് കാണാന്‍ ആളുകള്‍ തിയറ്ററില്‍ വരാത്തതിന്റെ കാരണം വ്യക്തമാവുന്നില്ല. ഞായറാഴ്ച്ച പൊതുഅവധിയായിട്ടു പോലും പത്തോ പന്ത്രണ്ടോ പേര് മാത്രമാണ് ചിത്രം കാണാനെത്തിയത്. തിങ്കളാഴ്ച്ച ഒരാള്‍ പോലും തേജസിന് ടിക്കറ്റെടുത്തില്ല. ഇതോടെയാണ് മോണിംഗ് ഷോ ക്യാന്‍സല്‍ ചെയ്തത്' -ബിഹാര്‍ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് അറിയിച്ചു.
തേജസ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തമാണെന്ന് ബിഹാറിലെ തിയറ്റര്‍ ഉടമയായ വിശേക് ചൗഹാന് പറഞ്ഞു. 'ഒരാള്‍ പോലും കാണാന്‍ വരാത്തതുകൊണ്ട് എന്റെ തിയറ്ററില്‍ ആദ്യമായി മോണിംഗ് ഷോ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ബാക്കി ഷോകള്‍ക്ക് കഷ്ടിച്ച് മുപ്പതുപേരൊക്കെയാണ് വന്നത്'- വിശേക് പറഞ്ഞു. കാണാന്‍ ഒരാള്‍ പോലും വരാത്തതിനാല്‍ തേജസിന്റെ 15 ഷോകള്‍ ക്യാന്‍സലാക്കിയെന്ന് സൂറത്തിലെ മള്‍ട്ടിപ്ലക്സ് ഉടമയായ കിരിത്ഭാസ് ടി വഗാസിയ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ് ഒക്ടോബര്‍ 27-നാണ് തിയറ്ററുകളിലെത്തിയത്. അറുപതുകോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ 4.50 കോടി രൂപ മാത്രമണ് നേടാനായത്. ചിത്രത്തില്‍ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റായാണ് കങ്കണ അഭിനയിക്കുന്നത്. നടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പങ്ക, തലൈവി, ധാക്കഡ്, ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. അതേസമയം, 'എമര്‍ജന്‍സി'യാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുളള ചിത്രം. അടിയന്തരാവസ്ഥ പ്രമേയമായി വരുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്.