ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്തു. ചെന്നൈ തൗസന്‍ഡ് ലൈറ്റ്സിലെ ഓള് വുമണ്‍ പൊലീസ് സ്റ്റേഷനാണ് മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമത്തിനുമാണ് കേസ്. ദേശീയ വനിതാ കമ്മീഷന്റെ പരാതിയിലാണ് നടപടി. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടന് വിവാദ പരാമര്‍ശം നടത്തിയത്.
ചിത്രത്തില്‍ തൃഷയും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം ഒരു ബെഡ്റൂം സീന്‍ പ്രതീക്ഷിച്ചു. റോജയെയും ഖുശ്ബുവിനെയും പൊക്കിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞതുപോലെ തൃഷയെയും വലിച്ചിടാനാകുമെന്ന് കരുതി. പക്ഷെ അവരെ സെറ്റില്‍ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നാണ് മന്‍സൂര്‍ അലി ഖാന് പറഞ്ഞത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ തൃഷയും സംവിധായകന് ലോകേഷ് കനകരാജുമുള്പ്പെടെയുളളവര് രംഗത്തെത്തി. മന്‍സൂര്‍ അലി ഖാനെപ്പോലുളളവര് മനുഷ്യരാശിക്കു തന്നെ അപമാനമാണ് എന്നാണ് തൃഷ പറഞ്ഞത്. ഒരിക്കലും അയാള്‍ക്കൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടില്ലെന്നും നടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മന്‍സൂര്‍ അലി ഖാന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. തന്നോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ട തമിഴ് സിനിമാ സംഘടനകളെയും സംവിധായകന് ലോകേഷ് കനകരാജിനെയും നടന് വിമര്‍ശിച്ചു. മാപ്പുപറയാന്‍ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണ് എന്നാണ് മന്‍സൂറിന്റെ ആരോപണം. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ലോകേഷ് വിഷയത്തില്‍ പ്രതികരിച്ചതെന്നും ഇനിമുതല്‍ ലോകേഷിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്നും അയാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.