ഡല്‍ഹി: പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന് പ്രകാശ് രാജിന് ഇഡി നോട്ടീസ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നടന് നോട്ടീസയച്ചത്. ജ്വല്ലറി ഉടമയ്ക്കെതിരായ നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസിലാണ് പ്രകാശ് രാജിന് നോട്ടീസ് ലഭിച്ചത്. തിരുച്ചിറപ്പളളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രണവ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നവംബര്‍ 20-ന് പോണ്ടിച്ചേരി, ചെന്നൈ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുളള ജ്വല്ലറിയുടെ ശാഖകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപയും 12 കിലോ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. 'പോണ്‍സി' സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് നൂറുകോടി രൂപയോളം തട്ടിയെന്നാണ് ജ്വല്ലറി ഗ്രൂപ്പിനെതിരായ ആരോപണം. പുതിയ നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം നിലവിലെ നിക്ഷേപകര്‍ക്ക് നല്‍കുകയും ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് പോണ്‍സി സ്കീം.
അതേസമയം, ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ നിരന്തരം വിമര്ശനങ്ങളുന്നയിക്കുന്നയാളാണ് പ്രകാശ് രാജ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ ഇഡി നോട്ടീസ് ബിജെപിയുടെ പകപോക്കലാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.