ഡല്‍ഹി: തനിക്കെതിരായ ലൈംഗീകാതിക്രമ കേസ് താന്‍ തന്നെ ഉള്‍പ്പെട്ട ബഞ്ചില്‍ കേട്ട മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നടപടി ശരിയായിരുന്നില്ലെന്നും പൊടുന്നനെ ഇത്തരമൊരു സിറ്റിംഗ് വിളിച്ചു ചേര്‍ത്ത നടപടി തീര്‍ത്തും നല്ല ആശയമായി കണ്ക്കാക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യ സഭാംഗമായ നടപടിയെ ക്കുറിച്ച് ''ഞാനാണെങ്കില്‍ അത് സ്വീകരിക്കില്ലായിരുന്നു'' എന്നാണ് ജസ്റ്റിസ് ഗുപ്ത പ്രതികരിച്ചത്. ഒരാളും തനിക്ക് അത്തരം വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ കരുതുന്നത്. ധാര്‍മ്മികമായ ഒരു നിലപാടാണതെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടി ചേര്‍ത്തു.
വന്‍കിട നിയമസ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന കേസുകള്‍ പെട്ടെന്ന് പരിഗണിക്കാന്‍ ശ്രമിക്കുകയും സാധാരണക്കാരുടെ വ്യവഹാരങ്ങള്‍ക്ക് വേണ്ട പരിഗണന കിട്ടാതെ പോകുകയും ചെയ്യുന്ന പ്രവണതയെ കുറിച്ചുള്ള വിമര്‍ശനം ഒരു ഇന്ഗ്ലീഷ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ദീപക് ഗുപ്ത ആവര്‍ത്തിച്ചു.