ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. യുപി ജോഡോ യാത്ര എന്ന പേരില്‍ 25 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുമായി സംസ്ഥാനത്തുടനീളം പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ആദ്യപടിയെന്നോണം ശ്രമിക്കുന്നത്. യാത്രയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയുമടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
ഡിസംബര്‍ 20-ന് സഹരന്‍പൂരിലെ ശകംഭരി ദേവിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര സീതാപൂരിലെ നൈമിഷാരണ്യയിലാണ് അവസാനിക്കുക. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. സംസ്ഥാനത്തെ നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച യാത്രയാണിതെന്നും പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അജയ് റായ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022 സെപ്റ്റംബര്‍ ഏഴിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ഏകദേശം 136 ദിവസങ്ങള്‍കൊണ്ട് നാലായിരത്തിലധികം കിലോമീറ്ററുകള്‍ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 2023-ല്‍ വിവിധ സംസ്ഥാനങ്ങളിലായി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് അന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യപടിയാണ് യുപി ജോഡോ യാത്ര.