ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബി എൽ റാം സ്വദേശി സൗന്ദർരാജനാണ് (60) പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൊച്ചു മകൻ ഓടി രക്ഷപ്പെട്ടെത്തിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
ആക്രമണത്തിന് ശേഷം കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഹസ്ഥരെത്തി തുരത്തിയതിന് ശേഷമാണ് സൗന്ദർ രാജിനെ രക്ഷിച്ചത്. ഇരുകൈകളും ഒടിയുകയും നെഞ്ചിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സൗന്ദർരാജിനെ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ചക്കക്കൊമ്പൻ
ചക്കപ്രിയനായ ഒറ്റയാനാണ് നാട്ടുകാര്‍ ചക്കക്കൊമ്പന് എന്നു വിളിക്കുന്ന കാട്ടാന. ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് ഈ ഒറ്റയാന് പ്രധാനമായും നാശംവിതയ്ക്കുന്നത്. ഇവന്റെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവ്. പത്തിലധികം ആളുകളുടെ ജീവനെടുത്ത കാട്ടാനയാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക