ചെന്നൈ: അനുമതിയില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ച് ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ ശബ്ദം പുനസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. തെലുങ്ക് ചിത്രമായ കീടാ കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കും വക്കീല്‍ നോട്ടീസയച്ചു. എസ് പി ബിയുടെ മകന് എസ് പി ചരണാണ് നോട്ടീസ് അയച്ചത്. എസ് പി ബാലസുബ്രമണ്യത്തിന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നത് നിരാശാജനകമാണെന്ന് നോട്ടീസില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇത്തരം വിഷയങ്ങള്‍ നിയമപരമായി തന്നെ നേരിടും. ഏത് സാങ്കേതിക വിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്നതാവണം. ആരുടെയും ഉപജീവനമാര്‍ഗം അത് തടയരുത്. എസ് പി ബിയുടെ ശബ്ദം കുടുംബത്തിന്റെ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നത് വ്യക്തമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന് തന്നെ 2023 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കുടുംബം താല്‍പ്പര്യപ്പെടുന്നില്ല. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും'- എസ് പി ചരണ്‍ പറഞ്ഞു.
അന്തരിച്ച ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനസൃഷ്ടിക്കുന്നത് ധാര്‍മ്മികമാണോ എന്ന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെയാണ് അതിനെതിരെ എസ് പി ബിയുടെ കുടുംബം രംഗത്തെത്തിയത്. അടുത്തിടെ എ ആര് റഹ്മാന് ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനത്തിനായി അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനസൃഷ്ടിച്ചിരുന്നു.