കൊച്ചി: പത്തുവര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാതലായ ഒരു വികസനപ്രവര്‍ത്തനവും ചൂണ്ടിക്കാണിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുളള സമാനതകളില്ലാത്ത പദ്ധതികള്‍ അട്ടിമറിക്കാനാണ് മോദി ശ്രമിച്ചതെന്നും അദ്ദേഹം ഇന്ത്യയെ 10 വര്‍ഷം കൊണ്ട് ദരിദ്ര രാജ്യമാക്കി മാറ്റിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആലുവയില്‍ കോണ്‍ഗ്രസ് സമരാഗ്നി യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ നേട്ടങ്ങളെപ്പറ്റി പറയാന്‍ ഒന്നുമില്ല. മോദി സര്‍ക്കാരിന് 10 വര്‍ഷം ഭരിച്ചിട്ടും കാതലായ ഒരു വികസനപ്രവര്‍ത്തനവും ചൂണ്ടിക്കാണിക്കാനില്ല. പ്രതിവര്‍ഷം രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. പെട്രോള്‍ വില 35 ആക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള തന്ത്രമായിരുന്നു. മോദിയും ബിജെപിയും ഇപ്പോള്‍ ക്ഷേത്രങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അവരുടെ വര്‍ഗീയതയ്ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം'- രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്താന്‍ നരേന്ദ്രമോദിക്ക് എന്താണ് അധികാരമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഭരണത്തില്‍ രാജ്യം വര്‍ഗീയതയുടെ വിളനിലമായി മാറിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.