ഡല്‍ഹി: കരുതല്‍ തടങ്കല്‍ കിരാത നടപടിയാണെന്ന് സുപ്രീംകോടതി. വളരെ ശ്രദ്ധയോടെ മാത്രമേ അത് ഉപയോഗിക്കാവു എന്നും കര്‍ത്തവ്യ നിര്‍വഹണത്തില്‍ പൊലീസിന്റെ വീഴ്ച്ച മറച്ചുവയ്ക്കാനോ അധികാര ദുര്‍വിനിയോഗത്തിനോ ഇതുപയോഗിക്കുന്നത് മുളയിലേ നുളേളണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കരുതല്‍ തടങ്കലിലാക്കിയ ആളുടെ അപ്പീല്‍ തളളിയ തെലങ്കാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാല പൊട്ടിച്ചു എന്നതായിരുന്നു കരുതല്‍ കടങ്കലിലാക്കിയ ആളുടെ മേല്‍ ചുമത്തിയ കുറ്റം. ഇയാളുടെ പ്രവൃത്തി ക്രമസമാധാന നിലയെയും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ക്രമസമാധാന നില തകരാറിലാകും വിധത്തിലുളള പ്രശ്നമായി ഇതിനെ കാണാനാവില്ലെന്നും ഈ കരുതല്‍ തടങ്കലിനെ നീതീകരിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കരുതല്‍ തടങ്കലിനുളള ഉത്തരവിറക്കിയ ഉദ്യോഗസ്ഥരുടെ നടപടിയെ കോടതി ചോദ്യം ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സാധ്യമാകുന്ന ആദ്യ സാഹചര്യത്തില്‍ തന്നെ കരുതല്‍ തടങ്കല്‍ സാധ്യത ഇല്ലാതാക്കണമെന്നും വിഷയത്തില്‍ ഉപദേശക സമിതി എല്ലാ വശങ്ങളും പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അധികാരികളുടെ കണ്ണില്‍ മാത്രമല്ല, നിയമത്തിന്റെ കണ്ണിലും കരുതല്‍ തടങ്കലിന്റെ ആവശ്യമുണ്ടോ എന്ന കാര്യം സമിതി വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.