കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. റിയാസിനോട് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ വിശദീകരണം തേടി. തിങ്കളാഴ്ച്ച കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ സ്പോര്‍ട്ട്സ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ 'ജില്ലയില്‍ ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്'- എന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി.
പരിപാടിക്കെതിരെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച വീഡിയോഗ്രാഫര്‍ മന്ത്രിയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചത് സ്പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഇത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ അറിയിച്ചു. തുടര്‍ന്ന് എളമരം കരീമും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പ്രദീപ് കുമാറും മറ്റൊരാളും ചേര്‍ന്ന് വീഡിയോഗ്രാഫറെ ഗ്രീന്‍ റൂമിലേക്ക് മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മന്ത്രിയുടെ പ്രസംഗത്തിനുശേഷമാണ് വീഡിയോഗ്രാഫറെ പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച വീഡിയോഗ്രാഫറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും റെക്കോര്‍ഡ് ചെയ്ത ഭാഗം ഭീഷണിപ്പെടുത്തി നീക്കം ചെയ്യുകയും ചെയ്തുവെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നത്.