മലപ്പുറം: വയനാട്ടില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗിന്റെ കൊടി ഒഴിവാക്കിയതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാക ഒഴിവാക്കിയത് സിപിഎമ്മിനോട് ചെയ്ത സൗജന്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടി കൂട്ടിക്കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രാജ്യത്ത് പലയിടത്തും സിപിഎമ്മിന് ഒറ്റയ്ക്ക് കൊടിയുയര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ നടന്ന യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടിയ്ക്കൊപ്പം ലീഗിന്റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി പിണറായി വിജയന് വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗൂഢല്ലൂരെത്തുമ്പോള് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സിപിഎമ്മിന്റെ കൊടി കാണാം. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കൊടി ഉയര്‍ത്താതിരുന്നത്. അത് സിപിഎമ്മിനോട് കാണിച്ച സൗജന്യമാണ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ കോണ്‍ഗ്രസിന്റെ കൊടിയോടൊപ്പമേ സിപിഎമ്മിന് കൊടിയുയര്‍ത്താന്‍ കഴിയൂ എന്നും അതുകൊണ്ട് കൊടിയുടെ രാഷ്ട്രീയം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാന്‍ പിണറായി വിജയന് ശ്രമിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.