കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ അക്രമം. ബംഗാളിലെ കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍ കണ്ടെത്തി. ബറോകോദാലിയിലെ ഓഫീസാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബൂത്ത് ഏജന്റുമാരെയും ടിഎംസി പ്രവര്‍ത്തകരെയും ബിജെപിക്കാര്‍ ആക്രമിച്ചതായും ആരോപണമുണ്ട്.
ചന്ദാമാരിയിലെ പോളിംഗ് ബൂത്തിന് സമീപം കല്ലേറ് നടന്നു. ഒരു ടിഎംസി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്നും മറ്റൊരാളുടെ കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും ടിഎംസി എംഎല്‍എയുമായ ഉദയന്‍ ഗുഹ പറഞ്ഞു. ഇരുകക്ഷികളും തമ്മിലുളള സംഘര്‍ഷം തടയാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളില്‍ ഇന്ന് ജനങ്ങള്‍ വിധിയെഴുതും. പശ്ചിമബംഗാളിനെ കൂടാതെ അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, സിക്കിം, മിസോറാം, നാഗാലാന്‍ഡ്, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.