എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റി വെയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യുജിസി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവെക്കാനും നിര്‍ദേശമുണ്ട്. അവസാനവര്‍ഷ പരീക്ഷയ്ക്ക് പകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ കണക്കിലെടുത്ത് മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും.
അക്കാദമിക് വര്‍ഷം സെപ്തംബറില്‍ തുടങ്ങാനായിരുന്നു നേരത്തെ യു ജി സി നിര്‍ദ്ദേശിച്ചിരുന്നത്. ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം. പരീക്ഷാ നടത്തിപ്പും അക്കാദമിക് വര്‍ഷാരംഭവും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുന:പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു.