ഇന്ന് ഹിരോഷിമ ദിനം; 75 വര്‍ഷം പിന്നിടുന്ന ദുരന്ത ഓര്‍മ്മ

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6.ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം.  നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.  രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്.

ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി.

പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.

ഓരോ വര്‍ഷവും ഈ ദിനം ഓര്‍മ്മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ല, പകരം നാളെയുടെ ലോകത്ത് സമാധാനത്തിന്റെ ചിറകു വിരിക്കുന്ന ശുഭസൂചകങ്ങളായിട്ടായിരിക്കണം. ലോകം അത്ഭുതത്തോടെ, ആദരവോടെ വീക്ഷിക്കുന്ന, കഠിനപരിശ്രമം കൊണ്ട് മുന്നേറിയ ജപ്പാൻ ഇന്ന് തങ്ങളെ ക്രൂരമായി നശിപ്പിച്ച അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. അമേരിക്കയ്‌ക്ക്‌ സൈനിക കേന്ദ്രങ്ങൾ അനന്തകാലത്തേക്ക്‌ പതിച്ചു നൽകിയ ജപ്പാൻ ഇന്ന്‌ സാമ്രാജ്യത്വ വിധേയത്വത്തിന്റെ പാതാളക്കുഴിയിലാണ്‌. 

യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More