തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൌമുദി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ എം.എസ്. മണി അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് കുമാരപുരം കൌമുദി ഗാര്‍ഡന്‍സില്‍ നടക്കും.
കേരള കൌമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെ മകനാണ്. തിരുവനതപുരം മെഡിക്കല്‍ കോളേജ് പ്രൊസറായിരുന്ന ഡോ.കസ്തൂരിഭായിയാണ് ഭാര്യ. കേരള കൌമുദി മുന്‍ ചീഫ് എഡിറ്റര്‍ എസ്. മണി, മുന്‍ അസിസ്റ്റണ്ട് എഡിറ്റര്‍ വത്സലാ മണി എന്നിവര്‍ മക്കളാണ്. കേരളാ കൌമുദി പത്രത്തിന്റെ സാരഥികളായിരുന്ന പരേതരായ എം.എസ് സുകുമാരന്‍,എം.എസ്.ശ്രീനിവാസന്, എം.എസ്.രവി എന്നിവര്‍ സഹോദരങ്ങളാണ്.
മികച്ച പത്രപ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി പുരസ്കാരം നേടിയിട്ടുണ്ട്. 1969-ല്‍ കേരള കൌമുദിയുടെ എഡിറ്ററായി ചുമതലയേറ്റ എം.എസ്. മണിയാണ് 'മണ്‍ഡേ മാഗസിന്' പോലുള്ള മാഗസിന് സ്റ്റൈല്‍ മലയാളത്തില്‍ ആദ്യമായി കൊണ്ടുവന്നത്.
സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു, ശിവഗിരിക്കുമേല്‍ തീമേഘങ്ങള്‍, കാട്ടുകള്ളന്മാര് തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ദേശീയ എക്സിക്യുട്ടീവ് അംഗം,ഓള് ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫ്രന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.