മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പരിഹസിച്ചുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് ആരോപിച്ച കൊടിക്കുനില്, അദ്ദേഹം പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും പരിഹസിച്ചു.
തരൂർ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. അദ്ദേഹം പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല. ശശി തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു.
കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ 23 മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് തരൂര്‍. അദ്ദേഹം വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷെ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളില്‍ നിന്നും വ്യക്തമാകുന്നത്- എന്ന് കൊടിക്കുന്നില്‍ വിമര്‍ശിക്കുന്നു.