ആംനസ്റ്റി പോയതല്ല; പറഞ്ഞു വിട്ടതാണ് - കെ ടി കുഞ്ഞിക്കണ്ണൻ

മനുഷ്യാവകാശപ്രവർത്തനങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.

എ.ബി.വി.പി ഉൾപ്പെടെയുള്ള സംഘപരിവാർ ക്രിമിനൽ സംഘങ്ങളെയും സിബിഐയെയും എൻഫോഴ്മെൻറ് ഡിപ്പാർട്ട്മെൻറിനെയും ഉപയോഗിച്ച് ആംനസ്റ്റി ഇൻറർനാഷണലിൻ്റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിച്ച് പുറത്താക്കുകയായിരുന്നു. അതിനെ ന്യായീകരിക്കാനായി കേന്ദ്ര സർക്കാറും സംഘപരിവാർ നേതാക്കളും ആംനസ്റ്റി മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ ഗുരുതരമായ രാജ്യദ്രോഹപ്രവർത്തനം നടത്തുകയായിരുന്നുവെന്നാരോപിക്കുകയാണ്. തുടർച്ചയായി തങ്ങളുടെ ഓഫീസുകൾക്കും ഗവേഷകർക്കും നേരെ ക്രിമിനൽ ആക്രമണങ്ങളഴിച്ചു വിട്ടും കുറ്റാന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും വഴിയാണ് സംഘപരിവാറും കേന്ദ്ര സർക്കാറും ആംനസ്റ്റിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ നിർത്തിച്ചിരിക്കുന്നത്. 

സി ബി ഐ യെയും ഇ ഡി യെയും ഉപയോഗിച്ച് തങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടയുക എന്ന തന്ത്രമാണ് കഴിഞ്ഞ കുറെക്കാലമായി കേന്ദ്ര സർക്കാർ അനുവർത്തിച്ചു വരുന്നതെന്നാണ് ആംനസ്റ്റിയുടെ ഇന്ത്യൻ എക്സിക്യൂട്ടീവ് ഡയരക്ടർ അവിനാഷ് കുമാർ പറഞ്ഞത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ ഏജൻസികളിൽ നിന്ന് പണം സ്വീകരിക്കുന്നു, ഛിദ്ര ശക്തികളെ സഹായിക്കുന്നുവെന്നെല്ലാമുള്ള വസ്തുതാ വിരുദ്ധമായ ആരോപണമുന്നയിച്ചാണ് മനുഷ്യാവകാശ ലംഘനങ്ങളെ പുറത്ത് കൊണ്ടുവരാനുള്ള ഞങ്ങളുടെ നീക്കങ്ങൾ കേന്ദ്ര സർക്കാറും സംഘപരിവാർ സംഘടനകളും തടയുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഏതുതരം രാജ്യദ്രോഹ വിധ്വംസക പ്രവർത്തനങ്ങളെയും പ്രസ്ഥാനങ്ങളെയുമാണ് ആംനസ്റ്റി സഹായിച്ചതെന്ന് പറയാതെയും വ്യക്തമാക്കാതെയും ആംനസ്റ്റിക്കെതിരെ പുകമറ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ. തങ്ങളെ വിമർശിക്കുന്നവരെയും തങ്ങൾക്കനഭിമതരായ സംസ്ഥാന സർക്കാറുകളെയും സംഘടനകളെയും ജനവിഭാഗങ്ങളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബി ജെ പി അജണ്ടയുടെ  ഉദാഹരണമാണ് ആംനസ്റ്റി ഇൻ്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടനക്ക് നേരെ നടന്ന ആക്രമണം.

150 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 80 ലക്ഷത്തോളം അംഗങ്ങളുള്ള  മനുഷ്യാവകാശങ്ങൾക്കായി ലോകത്തിലേറ്റവും കൂടതൽ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ആംനസ്റ്റി .ബഹുരാഷ്ട്ര കുത്തകകളുടെയും നിരവധി രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ അധികാരപ്രയോഗങ്ങളുടെയും ഫലമായ മനുഷ്യ അവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ലോകത്തിൻ്റെ മുൻപിൽ കൊണ്ടുവന്ന സംഘനയാണ് ആംനസ്റ്റി.1977 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ നൽകി അന്താരാഷ്ട്ര സമൂഹം ആദരിച്ചിട്ടുള്ള മനഷ്യാവകാശ സംഘടന. കോംഗോവിലും ഘാനയിലും നൈജീരിയിലും പലസ്തീനിലും ഇസ്രായേലിലും മ്യാന്മറിലും ശ്രീലങ്കയിലും അമേരിക്കയിലും നടക്കുന്ന മനുഷ്യവാകാശ ലംഘനങ്ങൾ ആംനസ്റ്റി പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും കൊക്കോ കോളയും നടത്തിയിട്ടുള്ള രാഷ്ടീയ ഇടപെടലുകളും കൂട്ടക്കൊലകളും ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ മറ്റു മനുഷ്യാവകാശ സംഘടനകൾക്കൊപ്പം നിർണായക ഇടപെടലുകൾ ആംനസ്റ്റി നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ സിഖ് കൂട്ടക്കൊലയും ഗുജറാത്ത് വംശഹത്യയും പശുവിൻ്റെ പേരിൽ നടക്കുന്ന നരഹത്യകളും ബെൽച്ചി,പിപ്ര, നാരായൺപൂർ, പരാസ്ബീഘ ,ലക്ഷ്മൺപൂർബാത്ത തുടങ്ങിയ ജാതികൂട്ടക്കൊലകളും ദളിത് ഹിംസകളും അന്താരാഷ്ട്ര വേദിയിലേക്ക് കൊണ്ടുവരുന്നതിൽ ആംനസ്റ്റി റിപ്പോർട്ടുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടു്. കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ഡൽഹി കലാപവും ആംനസ്റ്റിയുടെ കടുത്ത വിമർശനത്തിനിരയായതാണ്. അവരുടെ ജമ്മു കാശ്മീർ റിപ്പോർട്ടിൽ അതിർത്തി ജനത അനുഭവിക്കുന്ന നിസ്സഹായതയും മനുഷ്യാവകാശ നിഷേധവും അവർ അക്കമിട്ട് പറഞ്ഞു.

2016ലെ ആംനസ്റ്റി റിപ്പോർട്ടാണ് ബി  ജെ പി യെ പ്രകോപിപ്പിച്ചത്. ലോകത്തിൻ്റെ മുമ്പിൽ കേന്ദ്രസർക്കാർ കാശ്മീർ ജനതയോട് കാണിക്കുന്ന ഭീകരത തുറന്നു കാട്ടിയതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് വിദേശഫണ്ട് വാങ്ങി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് എ ബി വി പി ആംനസ്റ്റിക്കെതിരെ തുടർച്ചയായ ആക്രമണമാരംഭിച്ചത്. എബിവിപി ആക്രമണത്തെ തുടർന്ന് അവർ ഡൽഹി, ബംഗ്ലൂർ ഓഫിസുകൾ പൂട്ടിയിടേണ്ടി വന്നു. ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസുകളെടുത്തു.

എൻഫോഴ്മെൻറുകാർ 2018 ഒക്ടോബറിൽ ആംനസ്റ്റിയുടെ ഹെഡ്ക്വാർട്ടേഴ്സ് അടപ്പിച്ചു.10 മണിക്കൂറിലെ നീണ്ട റെയ്ഡ് നടത്തി. അപവാദ പ്രചരണം നടത്തിയും റെയ്ഡുകളും കേസുകളും എടുത്ത് നിരന്തരമായി വേട്ടയാടി. 

2019 ൽ സംഘടനക്ക് സംഭാവന നൽകുന്ന 30 പേരെ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി വിളിച്ചു വരുത്തി പരിശോധിച്ചിട്ടും ക്രമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ല. 370 -ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കാശ്മീർ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട്  ശ്രീനഗറിൽ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാൻ പോലും അനുമതി നൽകിയില്ല. തുടർച്ചയായ റെയ്ഡുകൾ, ബാങ്ക്അക്കൗണ്ടുകൾ മരവിപ്പിക്കൽ, കേസുകൾ. ഡൽഹി കലാപ റിപ്പോർട്ടോടെ ഒന്നുകൂടി കടന്നാക്രമണങ്ങൾ രൂക്ഷമായി.

ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നതായി ആംനസ്റ്റി സെക്രട്ടറി ജനറൽ ജൂലി വെർഹാർ അറിയിച്ചിരിക്കുന്നത്. അങ്ങേയറ്റം അപമാനകരവും നീതിരഹിതവുമായ സമീപനമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഭയപ്പെടുകയാണ് ഇന്ത്യാ ഗവർമെൻ്റെന്നുമാണ് അദ്ദേഹം ഖേദത്തോടെ പറഞ്ഞത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More