കുന്നംകുളത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആറംഗ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം പ്രവർത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ആർഎസ്എസ് ബജ്രംഗ്ദൾ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്.
പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.