ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുന്‍ എന്‍ഡിഎ നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശാഹീന്‍ബാഗുകളുണ്ടാവുന്നത്. ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രതിഷേധത്തിനിടെ കലാപങ്ങളുണ്ടായി. എന്നാല്‍ താന്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തെച്ചൊല്ലി ഡൽഹിയിലും അലിഗഡിലും സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
'സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും അപലപനീയമാണ്. എന്നാല്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മഹാരാഷ്ട്രയെ വിമര്‍ശിക്കുന്നവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് കാണണം'- താക്കറെ പറഞ്ഞു. പ്രത്യയശാസ്ത്രപരമായി വ്യത്യസ്തരായ കോൺഗ്രസും എൻസിപിയും ശിവസേനയും ഒരുമിച്ച് ഭരിക്കുന്ന മഹാരാഷ്ട്രയിൽ കലാപങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read
രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ, എല്ലാം സമാധാനപരമാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നത്. ഡല്‍ഹിയില്‍ പൊലീസ് ബിജെപിയുടെ കയ്യിലാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് തന്നെ ബിജെപിയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.