പ്രശസ്ത നടനും മക്കൾ മയ്യം നീതി അധ്യക്ഷനുമായ കമല്‍ഹാസനെ കോൺഗ്രസ് യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചു. കമലഹാസന്റെ മതേതര നിലപാട് പാർട്ടിയുടെ നിലപാടുകളുമായി ഒത്തു പോകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അളഗിരി അഭിപ്രായപ്പെട്ടു.
വരുന്ന തെരഞ്ഞെടുപ്പിൽ കമൽഹാസന് ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ ആകില്ലെന്നും അളഗിരി ചൂണ്ടിക്കാട്ടി. ഒരേ ആദർശങ്ങളും നിലപാടുകളും ഉള്ളവർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതുകൊണ്ട് കമലഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമൽഹാസൻ രജനീകാന്തുമൊത്ത് പുതിയ സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ ക്ഷണം.
അടുത്തിടെ നടി ഖുഷ്ബു കോൺഗ്രസ് വിട്ടത് പാർട്ടിക്ക് വലിയൊരു ആഘാതമായിരുന്നു. പാർട്ടി വിട്ട ശേഷം ഖുശ്ബു കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമൽഹാസനെ കോൺഗ്രസ് ക്ഷണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.