പാട്ന: ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവും ഉള്‍പ്പെടുന്നു.
തലസ്ഥാനമായ പാട്നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗയ ജില്ലയിലെ ബരച്ചട്ടി വനമേഖലയിലാണ് കോബ്ര സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ടുപേരേ അലോക് യാദവ് കൊലപ്പെടുത്തി എന്ന വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 12.20 ഓടെ സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിരുന്നു. മഹൂരി ഗ്രാമ മേഖലയില്‍ കമാന്‍ഡോകളും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു.
കൂടുതല്‍ തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന കേന്ദ്ര റിസര്‍വ് പോലിസ് സേനയുടെ പ്രത്യേക ജംഗിള്‍ യൂണിറ്റാണ് കോബ്ര അഥവാ കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസല്യൂട്ട് ആക്ഷന്‍.