ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി കെ ജയിന് കമ്മീഷന്റെ തെളിവെടുപ്പ് തുടങ്ങി. ചാരക്കേസില്‍ അനുകൂല വിധി സമ്പാദിച്ച ശാസ്ത്രജ്ഞന് നമ്പി നാരായണന് മൊഴി നല്‍കുകയാണ്. തുടര്‍ന്ന് ആരോപണ വിധേയരായ സിബി മാത്യുസ്, കെ.കെ.ജോഷ്വ, എസ് വിജയന് എന്നിവരുടെയും മൊഴിയെടുക്കും.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് അടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി കെ ജയിന് അധ്യക്ഷനായ കമ്മീഷനില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബി കെ പ്രസാദും അംഗങ്ങളാണ്.
മൂന്നംഗ കമ്മീഷന് സിറ്റിംഗിനായി സുരക്ഷയടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കമ്മീഷനു വേണ്ട സുരക്ഷയോരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് രണ്ടാം അനക്സിലെ ശ്രുതി ഹാളിലാണ് തെളിവെടുപ്പ് നടക്കുന്നത്. നാളെ വൈകുന്നേരത്തോടെ തെളിവെടുപ്പ് അവസാനിപ്പിക്കാനാണ് കമ്മീഷന്റെ പദ്ധതി.