മുംബൈ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്ഷികനിയമങ്ങളെക്കുറിച്ചുളള ചര്‍ച്ച ഒഴിവാക്കാനാണ് ശീതകാല പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കിയതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പാര്‍ലമെന്റ് സമ്മേളനത്തിനും ചര്‍ച്ചകള്‍ക്കും താല്‍പ്പര്യമില്ലാത്ത മോദി സര്‍ക്കാര്‍ ആയിരം കോടി മുടക്കി പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത എന്നാണെന്നും ശിവസേന ചോദിച്ചു.
നവംബര്‍ 26 മുതല്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചും കാര്‍ഷികനിയമങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശീതകാല സമ്മേളനം റദ്ദാക്കിയത് എന്ന് ശിവസേന എംപി ആരോപിച്ചു.
ഡിസംബര്‍ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രാജ്യത്തിനു സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ ഏഴിനാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.