ബോല്പൂര്: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗോത്ര ഗ്രാമങ്ങളിലേക്കുളള സന്ദര്‍ശനം വെറും നാടകം മാത്രമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ. ഗോത്ര വര്ഗങ്ങള്ക്കിടയില് തൃണമൂലിനുളള സ്വാധീനം നഷ്ടപ്പെട്ടുകഴിഞ്ഞു, ഗോത്ര ഗ്രാമസന്ദര്‍ശനം നാടകം മാത്രമാണ് അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ തൃണമൂലിന് യാതൊരു ഗുണവും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി ബിര്‍ഭൂം ജില്ലയിലെ ഒരു ഗോത്ര ഗ്രാമം സന്ദര്‍ശിക്കുകയും അവിടുളള സ്ത്രീകളോടൊപ്പം ഭക്ഷണം പാകം ചെയ്യുകയും ചെയ്തിരുന്നു. ബോല്പൂര് സന്ദര്‍ശനത്തിനുശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെ മമതാ ബാനര്‍ജി ഗോത്രഗ്രാമത്തിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയായിരുന്നു. പച്ചക്കറികള്‍ പാകം ചെയ്യുകയായിരുന്ന ആദിവാസി സ്ത്രീയെ സഹായിക്കുകയും തൊട്ടടുത്തുളള കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്ത മമത അവരുടെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തന്നെ സ്വന്തം വീട്ടിലെ അംഗമായി കാണാനും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും മമത ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ മാസം ശാന്തിനികേതന്‍ സന്ദര്‍ശിക്കുകയും ബന്‍കുരയിലെ ആദിവാസികളുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു അതിനു പിന്നാലെയാണ് മമതയുടെ ഗോത്രഗ്രാമ സന്ദര്‍ശനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ജാര്‍ഗ്രാം, വെസ്റ്റ് മിഡ്നാപൂര്‍, ബന്‍കുര, പുരുലിയ ജില്ലകളിലെ ഗോത്രവര്‍ഗക്കാരുടെ പിന്തുണ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായിരുന്നു.