തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്ത് മത്സ്യം കയറ്റിപോകുന്ന മിനി ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു. കല്ലമ്പലത്തിനടുത്ത് തോട്ടയ്ക്കാട് വെച്ച് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്തുനിന്നും കൊല്ലം മാര്‍ക്കറ്റിലേക്ക് മത്സ്യം കൊണ്ടുപോകുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ കാര്‍ യാത്രക്കാരായ അഞ്ചു പേരാണ് മരണപ്പെട്ടത്.
വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യ ഉദയകുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവര്‍ എല്ലാവരും സ്റ്റുഡിയോ ജീവനക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ ചിറക്കര സ്വദേശികളാണിവര്‍.
അപകടത്തെ തുടര്‍ന്ന് കാര്‍ കത്തിയതാണ് മരണസംഖ്യ ഉയര്‍ത്തിയത് എന്നാണ് വിവരം. ഫയര്‍ ഫോഴ്സും പോലിസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.