കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുയോഗം നടത്തിയതിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ ടൗൺ പൊലീസാണ് കേസെടുത്തത്. നദ്ദക്ക് പുറമെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. എപ്പിഡമിക് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കളും കേസിൽ പ്രതികളാണ്.
ഇന്നലെ വൈകീട്ടാണ് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള വിലക്കുകൾ നിലനിൽക്കെയാണ് ആയിരക്കണക്കിനാളുകൾ പൊതുയോഗത്തിന് എത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ഈ യോഗത്തിൽ വെച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്ര കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലും പൊലീസ് കേസെടുത്തിരുന്നു. ജാഥ കണ്ണൂർ ജില്ലയിൽ എത്തിയപ്പോഴാണ് കേസ് എടുത്തത്. യുഡിഎഫിന്റെ കണ്ണൂർ ജില്ലയിലെ നേതാക്കൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 400 ഓളം പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.