ഡല്‍ഹി: അടുത്തവര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹി അഞ്ച് മുന്‍സിപ്പല്‍ കൌണ്‍സിലുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നാലിടത്ത് വിജയിച്ചു. ഒരു സീറ്റു മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്. എന്നാല്‍ രാജ്യത്തെ ഭരണ കക്ഷിയായ ബിജെപിക്ക് ഒരൊറ്റ സീറ്റുപോലും ലഭിച്ചില്ല. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ ഡല്‍ഹിയിലെ തോല്‍വി.
ത്രിലോക് പുരി, ഷാലിമാര്‍ ബാഗ് നോര്‍ത്ത്, രോഹിണി സി, കാല്യാണ് പുരി എന്നിവിടങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ചൌഹാര് ബംഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഡല്‍ഹിയിലെ 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ ഉപതെരെഞ്ഞെടുപ്പുക്ളിലെല്ലാം ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ ബിജെപി കുത്തകയാണ് ഉണ്ടായിരുന്നത്. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം കെടുത്തുന്ന ഫലമാണ് ഡല്‍ഹിയില്‍ നിന്ന് വന്നിരിക്കുന്നത്.