കൊച്ചി: പ്രമാദമായ നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബികെ ബിജു, രണ്ടാം പ്രതി കുന്നശേരിയില്‍ ഷംസുദ്ദീന് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. ജീവപര്യന്തത്തിനെതിരായ പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി, പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് സാധിച്ചില്ലെന്നും വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് നിലമ്പൂരിലെ രാധയുടെ കൊലപാതകം. 2014 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായ രാധയെ കാണാതാവുന്നത്. പിന്നീട് ഫെബ്രുവരി പത്തിന് സമീപത്തുളള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ബിജു രാധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം സമീപത്തുളള കുളത്തില്‍ കൊണ്ടിടുകയുമായിരുന്നു.