കൊച്ചി: വിവാഹം കഴിയാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതരായി കണക്കാകണമെന്ന് ഹൈക്കോടതി. അവിവാഹിത സ്ത്രീ-പുരുഷന്മാര്ക്ക് കുഞ്ഞുങ്ങളുടെ അവകാശത്തില്‍, വിവാഹിത ദമ്പതിമാരുടെതില് നിന്ന് വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്. അതിനാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജന്മം നല്കിയ മാതാപിതാക്കള്‍ക്ക് അവര്‍ അവിവാഹിതരാണെങ്കിലും അവകാശമുണ്ട്. അതിന് നിയമപരമായ വിവാഹം നിര്‍ബന്ധമല്ലെന്നും വാദം കേട്ട ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും, ജസ്റ്റിസ് ഡോ. കൌസര്‍ എടപ്പഗത്തും ഉള്‍പെട്ട ബെഞ്ച് വ്യക്തമാക്കി.
വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശു ക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും, കുഞ്ഞിനെ സമിതി ദത്ത് നല്‍കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജന്മം നല്കിയ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.