ഡല്‍ഹി: രാജ്യത്തിലെ എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും യൂണിഫോം നല്‍കാനൊരുങ്ങി നഗര വികസന മന്ത്രാലയം. സ്വീപ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്. ഓട വൃത്തിയാക്കുന്നവര്‍, മാലിന്യം ശേഖരിക്കുന്നവര്‍, സ്വീപ്പര്‍മാര്‍ എന്നിവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള 3 യൂണിഫോമുകളാണ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം കത്തെഴുതിയിട്ടുണ്ട്.
'സഫായി മിത്ര ചലഞ്ച്' എന്ന പേരില്‍ മത്സരം നടത്തിയാണ് മൂന്ന് തരത്തിലുള്ള ഡിസൈന്‍ മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തിനായി 39 ഡിസൈനുകളായിരുന്നു ഉണ്ടായിരുന്നത്.
യൂണിഫോം നല്കാന് തീരുമാനം ആയെങ്കിലും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് നഗര വികസന മന്ത്രാലയം വ്യക്തമാക്കി.