കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി പുറത്ത് നിന്ന് നിരവധി ആളുകളെ ഇറക്കി, കൂടെ കൊവിഡും. പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം ബിജെപിയാണ് എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. എന്നാല്‍ ഒന്നും അറിയാത്തപോലെയാണ് ബിജെപി ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് - മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്ക്കും വാക്സിന് നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ രോഗ വ്യാപനം കുറക്കാനായത് സര്‍ക്കാരും, ജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പൊതുറാലികളില്‍ വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തത്, ഇതിനാലാണ് സംസ്ഥാനത്ത് രോഗ വ്യാപനം കൂടിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കി. ഇന്ത്യയില്‍ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപെടുത്തിയ സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെക്കാള്‍ പുറകിലാണെങ്കിലും പശ്ചിമ ബംഗാളില്‍ മരണനിരക്ക് കൂടുതലാണ്.